Kaduthuruthy

കടുത്തുരുത്തിയുടെ ചരിത്രത്തിലേക്കുള്ള അന്വേഷണം:

കടുത്തുരുത്തിയെക്കുറിച്ച് പഠിക്കാനും ജനങ്ങളെ നാടിന്‍റെ ചരിത്രം അറിയിക്കാനും മോന്‍സ് ജോസഫ്‌ കാണിച്ച താല്‍പര്യത്തെ അഭിനന്ദിക്കുന്നു...

1100-ലേറെ വര്‍ഷം മുമ്പ് മുതല്‍ വെമ്പലനാട് ചരിത്ര രേഖകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.കോതരവിയുടെ നെടുംപുറം തളിക്ഷേത്ര രേഖകളിലാണ് ഞാന്‍ കണ്ടിട്ടുള്ള ഹൃദ്യപരാമര്‍ശം.ഇത് എ.ഡി.900-)o മാണ്ട് (അഥവാ 1932) ഉള്ള ലിഖിതമാണ് വടകംക്കൂറിന്‍റെ ആദ്യകാല പേരാണിത് .എ.ഡി 14-)oശതകതിലുണ്ടായ “ഉണ്ണുനീലിസന്ദേശം” എന്ന മണി പ്രവാള കാവ്യം വടക്കംകൂര്‍ രാജാവിനേയും രാജ്യത്തേയും രാജാവിന്‍റെ പ്രേമഭാജനമായ മുണ്ടയ്ക്കല്‍ ഉണ്ണുനീലി തിരുനാളിനേയുംപ്രശംസിക്കാന്‍ എഴുതിയതാണ്. ഏതോ പ്രതിഭാശാലിയായ ഒരു കവിയുടെ വിരല്‍പ്പാടുകള്‍ ഈ മനോഹരമായ കാവ്യത്തിലൂടെ നീളം പതിഞ്ഞ് കിടക്കുന്നുണ്ട്.ഏതാണ്ട് അടുത്ത് അതിനുശേഷമുണ്ടായ മറ്റൊരു സംസ്കൃത കാവ്യമാണ് ഗോധവര്‍മയോഗഭുക്ഷണം.അരുണഗിരി എന്ന പേരിലറിയപ്പെടുന്ന മഹാപണ്ഡിതനാണ് അതിന്‍റെ കര്‍ത്താവ്‌. സംസ്കൃത ഭാക്ഷയിലെ അര്‍ത്ഥ അലങ്കാരങ്ങള്‍ക്ക് നിര്‍വചനം നല്‍കി ഗോദവര്‍മ്മയെ സ്തുതിക്കുന്ന ഓരോ ശ്ലോകവും ഓരോ അലങ്കാരത്തിനും ഉദാഹരണമായി എഴുതി ചേര്‍ത്തിട്ടുള്ള ഈ കാവ്യം അതി സുന്ദരമെന്ന പോലെ അതിഗംഭീരവുമാണ്.

വടക്കംകൂറിന്‍റെയും അതിന്‍റെ പ്രാചീന തലസ്ഥാനമായ കടുത്തുരുത്തി(കടല്‍ത്തുരുത്ത്)യുടെയും ചരിത്രത്തിലേക്ക് പ്രകാശനം ചൊരിയുന്ന രണ്ട് കാവ്യങ്ങളാണ് ഭാക്ഷയിലും സംസ്കാരത്തിലുമുള്ള ഈ കാവ്യങ്ങള്‍.പരിമിതമായ സമയത്തിനുള്ളില്‍ നിന്നും ഇങ്ങനെയൊരു പൂര്‍വ്വ ചരിത്രം രചിക്കുന്നതിന് പണ്ട് ഞാന്‍ പഠിച്ചിട്ടുള്ള ഗ്രന്ഥങ്ങള്‍ എന്‍റെ കൈവശം ഉണ്ടായിരുന്നത് സഹായകമായി.കേരള ചരിത്രത്തിന്‍റെ അടിസ്ഥാന രേഖ എന്ന പേരില്‍ അടുത്ത കാലത്ത് പുറത്ത് വന്ന എന്‍റെ പുസ്തകത്തില്‍ ഇതില്‍ പറയുന്ന നെടുംപുറം തളിശാസനം കൊടുത്തിട്ടുണ്ട്. വട്ടെഴുത്തില്‍ രേഖപ്പെടുത്തിയ ക്ഷേത്രത്തിനകത്തെ കരിങ്കല്ലിലുള്ള ഈ രേഖയും ഈ പുസ്തകത്തിലെ മറ്റ് 200 ലിഖിതങ്ങളും മലയാള ലിപിയിലാക്കി പഴയ ഭാഷയ്ക്ക് പുതിയ ഭാഷയില്‍ തയ്യാറാക്കിയ വിവര്‍ത്തനവും ഒപ്പം ചേര്‍ത്ത് രചിച്ചിട്ടുള്ള ഈ ഗ്രന്ഥത്തിന് സുമുഖമായ ഒരു പഠനവും എന്‍റെതായിട്ടുണ്ട്.എം.എ യ്ക്ക് പഠിക്കുന്ന 1953 കാലം മുതല്‍ എന്‍റെ പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ള സാറിന്‍റെ പ്രേരണയുംഅനുഗ്രഹവും കാരണം തുടങ്ങിയവ പ്രാചീന ചരിത്ര ഗവേഷണഫലമായിട്ടുള്ളതാണ് ഈ പുസ്തകം.മലയാള ഭാഷ 1200 വര്‍ഷം മുമ്പ് എഴുതിയ ലിപികളുടെ പട്ടികയും ഇതിലുണ്ട്.ആ ലിപി ആകട്ടെ 1500വര്‍ഷത്തെ പഴക്കമുള്ള പല്ലവ ലിപിയാണ്.ഇത്ര ക്ലേശകരമായൊരു പണി ഞാന്‍ ഇതു വരെ ചെയ്തിട്ടില്ല. ദീര്‍ഘകാലത്തെ ശ്രമഫലമായി മലയാള ഭാഷയുടെയും കേരള ചരിത്രത്തിന്‍റെയും അടിസ്ഥാന രേഖകള്‍ ഇങ്ങനെ ശേഖരിച്ച് പ്രസിദ്ധീകരിച്ച വിവരം നമ്മുടെ സര്‍ക്കാരോ സാഹിത്യ അക്കാദമിയോ അറിഞ്ഞതായി ഭാവിച്ചില്ല. മറ്റ് ഏതെങ്കിലും നാട്ടില്‍( തമിഴകത്തോ കര്‍ണാടകത്തിലോ ആ ന്ധ്രയിലോ ഹിന്ദി സംസ്ഥാനങ്ങളിലോ ) ആയിരുന്നു ഇങ്ങനെ ഒരു ഗവേഷണ ഗ്രന്ഥം അവരുടെ ഭാഷയുടെ ഭൂതകാല ചരിത്ര പഠനത്തിനുവേണ്ടി പ്രസിദ്ധം ചെയ്തിരുന്നുവെങ്കില്‍ എന്തൊരാഘോഷത്തോടും അഭിമാനത്തോടും അവരത് ഉത്സവമാക്കുമായിരുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ നാം വളരെ പിന്നിലാണ്. ഭാഷയും സംസ്കാരവും മുന്‍നിര്‍ത്തി മറ്റ് സംസ്ഥാനങ്ങളിലെപോലെ ഒരു സര്‍വ്വകലാശാല സ്ഥാപിക്കണമെന്ന് എത്രയോ കാലമായി എഴുതുന്നു.33 വര്‍ഷം കൊണ്ട് ഈ ലക്ഷ്യത്തോടെയാണ് ഞാന്‍ ലോക മലയാള സമ്മേളനം സംഘടിപ്പിച്ചത്.ഒന്നും ഫലിക്കുന്നില്ല. നമ്മുടെ ഭാഗ്യ ദോഷമെന്ന് സമാധാനിച്ചു കൊണ്ട്.

പുതുശ്ശേരി രാമചന്ദ്രന്‍