കടുത്തുരുത്തി എന്ന ഭൂപ്രദേശം

കേരളത്തിന്‍റെ ചരിത്രത്തില്‍ പൗരാണികത്വം കൊണ്ട് സുപ്രധാനമായ സ്ഥാനം അലങ്കരിച്ചിട്ടുള്ള സ്ഥലമാണ് കടുത്തുരുത്തി എന്ന് അഭിമാനത്തോടെ പറയുവാന്‍ കഴിയും. പുരാതനത്വം കൊണ്ടും ചരിത്രപരമായും രാഷ്ട്രീയ- സാമൂഹ്യ മണ്ഡലങ്ങളുടെയും പ്രശസ്തി ആര്‍ജ്ജിച്ചിട്ടുള്ള വിവിധ പ്രദേശങ്ങളോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്ന ഒരു സ്ഥാനം കടുത്തുരുത്തിക്കുമുണ്ട്. ദൈവത്തിന്‍റെ സ്വന്തം നാട് എന്ന്‍ കേരളത്തെ കുറിച്ച് പറയുന്നതുപോലെ കടുത്തുരുത്തി പ്രദേശവും അനുഗ്രഹീതമാണ്.1100-ലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ “വെമ്പലനാട്”, “വേമ്പനാട് “എന്ന പരാമര്‍ശങ്ങള്‍ ചരിത്ര രേഖകളില്‍ സ്ഥാനം പിടിച്ചിട്ടുള്ളതാണ്. വേമ്പനാട് കായല്‍ പരന്നു കിടക്കുന്ന കടല്‍ തുരുത്താണ് കടുത്തുരുത്തി എന്ന്‍ ചരിത്രപരമായി കണക്കാക്കി വരുന്നു . കടുത്തുരുത്തിയുമായി ബന്ധപ്പെട്ട് “കടന്തേരി” എന്ന പരാമര്‍ശവും പ്രശസക്തമാണ്.
ചരിത്ര രേഖകള്‍ പ്രകാരം കടുത്തുരുത്തി –“വടക്കംകൂര്‍” എന്ന രാജ്യത്തിന്‍റെ തലസ്ഥാനമാണെന്ന് കാണാന്‍ കഴിയും. പാണ്ട്യ രാജാക്കന്മാരുടെ അധീനതയിലായിരുന്ന ഈ പ്രദേശം വടക്കംകൂര്‍ എന്നും തെക്കംകൂര്‍ എന്നും രണ്ടായി പിരിയുന്നതിനിടയായി. സാമൂതിരി പക്ഷക്കാരയിരുന്ന വടക്കംകൂര്‍ രാജാക്കന്മാര്‍ കടുത്തുരുത്തി തലസ്ഥാനമായി ഭരണ നിര്‍വ്വഹണo നടത്തുന്നതിനിടയില്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് വടക്കംകൂര്‍ പിടിച്ചടക്കുകയുണ്ടായി. ഇതേതുടര്‍ന്ന്‍ വടക്കംകൂര്‍ രാജ്യം ഇല്ലാതെയായി.
വടക്കംകൂര്‍ രാജ്യ വംശ്യത്തിന്‍റെ ഭരണ ചരിത്രത്തില്‍ കടുത്തുരുത്തി തളിയില്‍ മഹാദേവക്ഷേത്രത്തിന് സുപ്രധാനമായ സ്ഥാനമാനുള്ളത്. തളിയില്‍ ക്ഷേത്രനാഥന്‍ വടക്കംകൂര്‍ രാജ്യവംശത്തിന്‍റെ ഇഷ്ടദേവനായിരുന്നു.
കടുത്തുരുത്തി മഹാദേവക്ഷേത്രത്തിന് തൊട്ടടുത്തു തന്നെ കടുത്തുരുത്തിയുടെ സാംസ്കാരിക പൈതൃകം വിളിച്ചറിയിക്കുന്ന ഒരു സംഭവീയ കാവ്യമാണ് “ഉണ്ണുനീലി സന്ദേശം “.ഇത് കേരളത്തിന്‍റെ പ്രഥമ സന്ദേശ കാവ്യമാണ് .എ .ഡി.14-)o ശതകതിലുണ്ടായ ഉണ്ണുനീലി സന്ദേശം എന്നാ മണിപ്രവാള കാവ്യം വടക്കംകൂര്‍ രാജാവിനേയും രാജ്യത്തെയും രാജാവിന്‍റെ പ്രേമ ഭാജനമായ “മുണ്ടയ്ക്കല്‍ ഉണ്ണുനീലി” തിരുനാളിനേയും പ്രശംസിക്കാന്‍ എഴുതിയതാണ് .കേരളത്തിന്‍റെ സൗന്ദര്യവും ഭൂമിശാസ്ത്രപരമായ മനോഹാരിതയും ഏറ്റവും ഭംഗിയായി ചിത്രീകരിക്കാന്‍ ഈ പ്രാചീന കാവ്യത്തിന് കഴിഞ്ഞിട്ടുണ്ട്.
പിന്നീട് ഉണ്ടായ മറ്റൊരു സംസ്കൃത കാവ്യമാണ് “ഗോദവര്‍മ്മയോഗഭൂക്ഷണം”. അരുണഗിരി എന്ന പേരിലറിയപ്പെടുന്ന മഹാപണ്ഡിതാനാണ് ഇതിന്‍റെ കര്‍ത്താവ്‌. സംസ്കൃത ഭാഷയിലെ മനോഹരമായ കാവ്യമാണിത്.വടക്കംകൂറിന്‍റെയും അതിന്‍റെ പ്രാചീന തലസ്ഥാനമായ കടുത്തുരുത്തിയുടെയും (കടല്‍തുരുത്ത് ) ചരിത്രത്തിലേക്ക് പ്രകാശം ചൊരിയുന്ന രണ്ട്‌ കാര്യങ്ങളാണ് ഭാക്ഷയിലും സംസ്കാരത്തിലുമുള്ള ഈ കാവ്യങ്ങള്‍.
കടുത്തുരുത്തിയുടെ ചരിത്രത്തിന്‍റെ തുടര്‍ച്ചയാണ് കടുത്തുരുത്തി വലിയ പള്ളിയുടെയും താഴത്തു പള്ളിയുടെയും ചരിത്രം. ഹൈന്ദവ പൗരാണികതയില്‍ എന്നതുപോലെ ക്രൈസ്തവ പൗരാണികതയിലും കടുത്തുരുത്തിക്ക് വളരെ പ്രാധാന്യമാണുള്ളത്.ക്രൈസ്തവ കുടിയേറ്റത്തിന്‍റെ ചരിത്രമാണ്‌ കടുത്തുരുത്തിയുമായി ബന്ധപ്പെട്ടുള്ളത്.കുടിയേറ്റ ജനത വടക്കംക്കൂര്‍ രാജവംശവുമായി ബന്ധപ്പെട്ട് കഴിഞ്ഞിരുന്നതായി ചരിത്രത്തില്‍ കാണാന്‍ കഴിയും. രാജവംശത്തിന്‍റെ പല അധികാര സ്ഥാനങ്ങളിലും ഇവര്‍ക്ക് ചുമതല ലഭിച്ചിരുന്നു .കേരളത്തിലെ ക്രിസ്തീയ സഭകളിലും പ്രത്യേകിച്ച് കത്തോലിക്കാ സഭയിലെ നവീകരണത്തിലും ആചാരാനുഷ്ഠാനങ്ങളിലും സമഗ്രമായ പരീഷ്ക്കരണം വരുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ ‘പോപ്പ് ക്ലെമന്‍റ്എട്ടാമന്‍’ മാര്‍പ്പാപ്പയുടെയും പോര്‍ച്ചുഗല്‍ റാണിയുടെയും ഗോവ മെത്രാപ്പോലിത്ത ‘അലക്സിസ് ഡോണ്‍ മേനോസിസി’ന്‍റെയും ശ്രേഷ്ഠമായ സാന്നിദ്ധ്യം ഏറ്റുവാങ്ങിയ ദേവാലയമാണ് കടുത്തുരുത്തി വലിയ പള്ളി.
ക്രൈസ്തവ സഭാ ചരിത്രത്തിലെ സുപ്രധാനമായ ഉദയംപേരൂര്‍ സുന്നഹദോസ് തീരുമാനങ്ങള്‍ നടത്തിപ്പില്‍ വരുത്തുന്നതില്‍ കടുത്തുരുത്തി വലിയപള്ളി കേന്ദ്രീകരിച്ചാണ് മെത്രാപ്പൊലിത്ത ഭരണ നിര്‍വഹണത്തിന് നേതൃത്വം നല്‍കിയത്.ഗോവയില്‍ നിന്ന്‍ ജലമാര്‍ഗ്ഗം കടുത്തുരുത്തി വലിയ പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് മെത്രാപ്പൊലിത്ത വന്ന് ഇറങ്ങിയതായും അവിടെ നിന്ന് വില്ലുവണ്ടിയില്‍ കുരവിലങ്ങാട്ടേക്കും മറ്റു സ്ഥലങ്ങളിലേക്കും പോയി തിരിച്ചു കടുത്തുരുത്തി വഴി ആലപ്പുഴയിലേക്കും അവിടെ നിന്ന് ഗോവയിലേക്കും മടങ്ങിയതായും ചരിത്ര രേഖകള്‍ പറയുന്നു.
കടുത്തുരുത്തി വലിയ പള്ളിയില്‍ ഇന്നും കാണാന്‍ കഴിയുന്ന ലിഖിതങ്ങളും ചരിത്ര പ്രസിദ്ധമായ കരിങ്കല്‍ കുരിശും പൗരാണികതയുടെ ഉത്തമ പ്രതീകങ്ങളാണ്. കടുത്തുരുത്തി താഴെത്തെ പള്ളിയോടനുബന്ധിച്ച് ഉണ്ടായിരുന്ന മല്‍പ്പാനയിറ്റും വൈദിക സെമിനാരിയും ചരിത്ര രേഖകളില്‍ കാണാന്‍ കഴിയുന്നുണ്ട്.താഴത്തു പള്ളിയിലെ സെമിത്തേരി പള്ളി പൗരാണികതയുടെ പ്രതീകമാണ്. ഇവിടെയും വിവിധ ലിഖിതങ്ങള്‍ കാണാന്‍ കഴിയുന്നുണ്ട്.
കടലുമായി കടുത്തുരുത്തിക്ക് ഉണ്ടായിരുന്ന സാമീപ്യം വ്യാപാര വാണിജ്യ മണ്ഡലങ്ങളില്‍ വലിയ പ്രശസ്തി നേടികൊടുത്തിരുന്നു. പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങളില്‍ ഒന്നായിട്ടാണ് കടുത്തുരുത്തി അറിയപ്പെട്ടിരുന്നത്.ആലപ്പുഴയും, കൊച്ചിയുമായി ബന്ധപ്പെട്ട് ജലമാര്‍ഗ്ഗം പ്രയോജനപ്പെടുത്തിയാണ് കടുത്തുരുത്തിയുടെ വ്യാപാരബന്ധം നില നിന്നിരുന്നത്.ഇത്തരത്തിലുള്ള നിരവധി സാഹചര്യങ്ങള്‍ സാംസ്കാരികമായ രൂപപ്പെടുത്തലിനും വളര്‍ച്ചയ്ക്കും കടുത്തുരുത്തിക്കാരെ സഹായിച്ച ഘടകങ്ങളാണ്. പൗരാണികതയോടൊപ്പം സംസ്കാര സമ്പന്നരായ ഒരു ജനതയുടെ വളര്‍ച്ചയും ഇതിലൂടെ സക്ഷാത്കരിക്കപ്പെട്ടു. കടുത്തുരുത്തിയുടെ ചുറ്റുപാടുമുള്ള പ്രദേശങ്ങളും വിവിധ രൂപത്തില്‍ ചരിത്രപരമായ പ്രാധാന്യം നിലനിര്‍ത്തുന്ന സ്ഥലങ്ങലാണ്.രാജഭരണത്തിന്‍റെ ഭാഗമായി “കോഴ “യുടെ പ്രസക്തിയും ക്രൈസ്തവ നവോത്ഥാനത്തിന്‍റെ കേന്ദ്രമായി കുറവിലങ്ങാടും ചരിത്രത്തില്‍ കാണാന്‍ കഴിയും . രാജ കൊട്ടാരത്തിന്‍റെ അധീനതയിലുള്ള പറമ്പുകളുംപുരയിടങ്ങളും ആപ്പാഞ്ചിറയിലുണ്ടായിരുന്നു. ക്രൈസ്തവ സഭാ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ “ആര്‍ക്കതിയോക്കന്‍”മാരുടെ കബറിടം കാളികാവ് പകലോമറ്റത്താണ് സ്ഥിതി ചെയ്യുന്നത്.ഇന്നത്തെ കടുത്തുരുത്തി നിയോജകമണ്ഡലത്തിലുള്‍പ്പെട്ട മാഞ്ഞൂര്‍, നീഴൂര്‍, മുളക്കുളം, ഉഴവൂര്‍,വെളിയന്നൂര്‍,മരങ്ങാട്ടുപള്ളി,കടപ്ലാമറ്റം, കിടങ്ങൂര്‍,കാണക്കാരി,കുറവിലങ്ങാട്,കടുത്തുരുത്തി എന്നീ ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങള്‍ വ്യത്യാസ്തങ്ങളായ ആചാരാനുഷ്ഠാനങ്ങളും ചരിത്രപരമായ ,പ്രത്യേകതകളും പുരതനത്വവും കൊണ്ട് ശ്രദ്ധയമായ സ്ഥലങ്ങളാണ്.
കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ മുഴുവന്‍ പ്രദേശങ്ങളും പൂര്‍ണമായും കാര്‍ഷിക മേഖലയാണ്. മുഖ്യമായും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ജനങ്ങളാണ് ഇവിടെയുള്ളത്. കൃഷിയില്‍ എല്ലാ ഐശ്വര്യങ്ങളും കണ്ടെത്തുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിത ശൈലി പുരാതന കാലം മുതല്‍ അഭിമാനപൂര്‍വ്വംസംരക്ഷിച്ചു പോരുന്നതാണ്. വലിപ്പചെറുപ്പ വ്യത്യാസമില്ലാതെ മുഴുവന്‍ ജനങ്ങളും കൃഷിയില്‍ അഭിമാനം കൊള്ളുന്നു.കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കീയിട്ടുള്ള ഈ പ്രദേശത്തെ ജനങ്ങള്‍ നാടിന്‍റെ സമൃദ്ധി കൃഷിയില്‍ കണ്ടെത്തുന്നു.
നിരവധി മഹത് വ്യക്തിത്വങ്ങള്‍ക്ക് ജന്മം നല്‍കിയ നാടാണ് കടുത്തുരുത്തി പ്രദേശം .ഭാരതത്തിലെ മുന്‍ രാഷ്ട്രപതി ഡോ.കെ.ആര്‍.നാരായണന്‍റെ ജന്മ സ്ഥലമായ ഉഴവൂര്‍ പ്രദേശം ഇന്നത്തെ കടുത്തുരുത്തി നിയോജകമണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്. സാഹിത്യ-സാംസ്കാരിക നവോത്ഥാന മണ്ഡലങ്ങളില്‍ വളരെയധികം ആരാധിക്കുന്ന “നിധിയിരിക്കല്‍ മാണിക്കത്തനാര്‍”, ഈശ്വര ചിന്ത മനുഷ്യമനസ്സുകളില്‍ നിറസാന്നിദ്ധ്യമായും പകര്‍ന്ന് നല്കീയ ആദ്ധ്യാത്മികാചാര്യന്‍ “ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി” ഈ പ്രദേശത്തിന്‍റെ പ്രകാശ ഗോപുരമായിരുന്നു.ഈ മഹാരഥന്മാര്‍ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും അവരുടെ ശ്രേഷ്ഠമായ സ്മരണകള്‍ എക്കാലവും ജീവിക്കുന്നതാണ്. അത് കടുത്തുരുത്തിയുടെ പ്രദേശത്തില്‍ മാത്രമല്ല കേരളത്തിനും ഭാരതത്തിനും എന്നും അഭിമാനകരമാണ് . മോന്‍സ്‌ ജോസഫ്‌