കേരള രാഷ്ട്രീയത്തിൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ വളർന്നുവന്ന്, കടുത്തുരുത്തി മണ്ഡലത്തെ മൂന്ന് പതിറ്റാണ്ടായി നിയമസഭയിൽ പ്രതിനിധീകരിക്കുന്ന പ്രമുഖ ജനനായകനും നിലവിലെ സംസ്ഥാന ജലവിഭവ-ഭവനനിർമ്മാണ വകുപ്പ് മന്ത്രിയുമാണ് അഡ്വ. മോൻസ് ജോസഫ്.കടുത്തുരുത്തി വില്ലേജിൽ ഉൾപ്പെട്ടതും മുളക്കുളം ഗ്രാമപഞ്ചായത്തിലുള്ളതുമായ ആപ്പാഞ്ചിറ-പൂഴിക്കോൽ കരയിൽ ചക്കാലയിൽ കുടുംബത്തിന്റെ ഭാഗമായുള്ള നരിമറ്റത്തുമ്യാലിൽ വീട്ടിൽ പരേതനായ ഒ. ജോസഫിന്റെയും, മറിയാമ്മാ ജോസഫിന്റെയും മൂത്തമകനായി 30-05-1964-ൽ അഡ്വ. മോൻസ് ജോസഫ് ജനിച്ചു. ആപ്പാഞ്ചിറ മാന്നാർ ഗവ. എൽ.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും പൂഴിക്കോൽ സെന്റ് മാർത്താസ് യു.പി സ്കൂളിൽ യു.പി പഠനവും, കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ പഠനവും അദ്ദേഹം പൂർത്തിയാക്കി. തുടർന്ന് തലയോലപ്പറമ്പ് ഡി.ബി കോളേജിൽ പ്രീഡിഗ്രിയും, കോട്ടയം ബെസേലിയോസ് കോളേജിൽ ഡിഗ്രി പഠനവും പൂർത്തീകരിച്ചു. തുടർന്ന് കേരള സർവ്വകലാശാലയിൽ എം.എ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദ പഠനം നടത്തുമ്പോൾ കേരള പോസ്റ്റ്ഗ്രാഡുവേറ്റ് സ്റ്റുഡൻസ് അസ്സോസ്സിയേഷൻ സംസ്ഥാന പ്രസിഡന്റായും, 1983-84 കാലഘട്ടത്തിൽ കോട്ടയം ബെസേലിയസ് കോളേജ് യൂണിയൻ ചെയർമാനായും കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടതിലൂടെ രാഷ്ട്രീയരംഗത്ത് തുടക്കകാലഘട്ടത്തിൽ തന്നെ അദ്ദേഹം സജീവ സാന്നിദ്ധ്യമായി തീർന്നു. അതിനുശേഷം തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജിൽ നിന്ന് നിയമ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം 1995-96 കാലഘട്ടത്തിൽ കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത് പ്രാക്ടീസ് ആരംഭിച്ചു.
വിദ്യാർത്ഥി യുവജന രാഷ്ട്രീയ പ്രവർത്തനത്തിലൂടെയും സാമൂഹ്യ സേവന സന്നദ്ധ സംഘടനാ പ്രവർത്തനങ്ങളിലൂടെയും പൊതുരംഗത്ത് വളർന്നുവന്ന അദ്ദേഹം, കേരളാ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.സി യുടെ യൂണിറ്റ് പ്രസിഡന്റ് മുതൽ സംസ്ഥാന പ്രസിഡന്റ് വരെയുള്ള വിവിധ സ്ഥാനങ്ങൾ വഹിച്ചു. കെ.എസ്.സി സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ വിദ്യാഭ്യാസ അവകാശ പോരാട്ടത്തിന്റെ ഭാഗമായി നടത്തിയ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കുചേർന്നുകൊണ്ട് സെക്രട്ടറിയേറ്റ് പടിക്കൽ എട്ട് ദിവസം അദ്ദേഹം നിരാഹാര സത്യാഗ്രഹം അനുഷ്ഠിക്കുകയുണ്ടായി. ഈ കാലയളവിൽ തന്നെയാണ്, അതായത് 1996-ൽ കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. 1996-2001 പത്താം കേരള നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിട്ടാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്, കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ്, പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം, കേരള ജനതയുടെ സുരക്ഷയ്ക്കുവേണ്ടി മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ ജനകീയ സമരത്തിൽ പങ്കെുടുത്ത് ഇടുക്കി ജില്ലയിലെ ചപ്പാത്തിൽ ആറ് ദിവസക്കാലം നിരാഹാര സത്യാഗ്രഹം നടത്തുകയുണ്ടായി.
തുടർന്ന് 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കടുത്തുരുത്തിയിൽ നിന്ന് വിജയിച്ച അദ്ദേഹത്തിന് 2007-2009 കാലഘട്ടത്തിൽ വി.എസ്. അച്ചുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പു മന്ത്രിയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. കടുത്തുരുത്തി നിയോജക മണ്ഡലത്തിന് ആദ്യമായി മന്ത്രിസ്ഥാനം ലഭിക്കുന്നത് മോൻസ് ജോസഫ് മന്ത്രി സ്ഥാനത്ത് വന്നതിലൂടെയാണ്. ഇക്കാലയളവിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയും റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ കാര്യക്ഷമതയോടെ യാഥാർത്ഥ്യമാക്കുകയും ചെയ്തതിലൂടെ അദ്ദേഹം ഭരണരംഗത്ത് മികവ് തെളിയിച്ചു. കേരളത്തിൽ മുടങ്ങിക്കിടന്നിരുന്ന തലസ്ഥാന നഗരവികസന പദ്ധതി, തിരുവനന്തപുരം-ചെങ്ങന്നൂർ എം.സി റോഡ് വികസനം, കെ.എസ്.ടി.പി റോഡ് വികസന പദ്ധതി, ദേശീയപാതാ വികസനം എന്നിവയെല്ലാം പുനരാരംഭിക്കുവാനും വിവിധ റെയിൽവെ മേൽപ്പാലങ്ങൾ ഉൾപ്പടെയുള്ള നിരവധി പാലങ്ങളുടെയും റോഡുകളുടെയും നിർമ്മാണം പൂർത്തീകരിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. കേന്ദ്രസർക്കാരുമായി തർക്കത്തിൽ നിന്നിരുന്ന വിവിധ സാങ്കേതിക പ്രശ്നങ്ങൾ ചർച്ചചെയ്തു പരിഹാരം കണ്ടെത്തുകയും സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റിൽ ഒപ്പുവയ്ക്കുകയും ചെയ്തതോടെ ദേശീയപാതാ വികസനത്തിന് തടസ്സമായി നിന്നിരുന്ന പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കാൻ കഴിഞ്ഞത് പ്രധാന നേട്ടമായിരുന്നു. പൊതുമരാമത്ത് വകുപ്പ് "മാന്വൽ പരിഷ്കരണം" നടപ്പാക്കാനുള്ള സുപ്രധാന തീരുമാനം ഈ കാലഘട്ടത്തിൽ കൈക്കൊണ്ടത് ഉൾപ്പടെയുള്ള നിരവധി കാര്യങ്ങളാണ് ഭരണരംഗത്ത് നേട്ടമായി തീർന്നത്.
2001-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കാരണങ്ങളാൽ മോൻസ് ജോസഫിന് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. മന്ത്രിസ്ഥാനത്തിന് ശേഷം 2016,2011,2021 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കടുത്തുരുത്തി മണ്ഡലത്തിൽ നിന്നും അദ്ദേഹം തുടർച്ചയായി വിജയം കൈവരിച്ചു. ഈ കാലയളവുകളിൽ കേരള നിയമസഭാ പെറ്റീഷൻസ് കമ്മിറ്റി ചെയർമാൻ, സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ കമ്മിറ്റി ചെയർമാൻ, നിയമസഭയുടെ പേപ്പേഴ്സ് ലെയിഡ് കമ്മിറ്റി ചെയർമാൻ എന്നീ പ്രധാന സ്ഥാനങ്ങൾ വഹിക്കുകയും ലോക്കൽഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി ഉൾപ്പടെ വിവിധ നിയമസഭാ സമിതികളിൽ അംഗമായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ 2021-2026 കാലഘട്ടത്തിൽ നിയമസഭയിലെ പ്രതിപക്ഷ ചീഫ് വിപ്പായും അദ്ദേഹം പ്രവർത്തിക്കുകയുണ്ടായി. യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ, യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ച അദ്ദേഹം നിലവിൽ കേരളാ കോൺഗ്രസ് പാർട്ടിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി പ്രവർത്തിച്ചുവരുന്നു. ഈ സംഘടന പ്രവർത്തനങ്ങൾക്കിടയിൽ 2024-ൽ റബ്ബർ വിലയിടിവിൽ പ്രതിക്ഷേധിക്കാനും റബ്ബറിന്റെ താങ്ങുവില 300 രൂപയായി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും ആയിരക്കണക്കിന് കൃഷിക്കാരെ പങ്കെടുപ്പിച്ച് കടുത്തുരുത്തിയിൽ നിന്നും കോട്ടയത്തേക്ക് നടത്തിയ "റബ്ബർ കർഷക ലോംഗ് മാർച്ച്" ഏറെ ശ്രദ്ധിക്കപ്പെട്ട കർഷക സമരമായിരുന്നു. ഇത് ഉൾപ്പടെയുള്ള നിരവധി പ്രക്ഷോഭങ്ങൾക്ക് സംസ്ഥാനത്തൊട്ടാകെ നേതൃത്വം നൽകാനും കേരളാ കോൺഗ്രസ് ചെയർമാൻ ശ്രീ. പി.ജെ. ജോസഫിന്റെ നേതൃത്വത്തിൽ മുന്നോട്ടുവച്ച ശ്രദ്ധേയമായ ആശയങ്ങൾ കേരളമെമ്പാടും പ്രചരിപ്പിക്കുന്നതിന് സംഘടനാപരമായി നേതൃത്വം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കടുത്തുരുത്തി മണ്ഡലത്തിൽ നിന്നും 31,300 വോട്ടിന്റെ വൻ ഭൂരിപക്ഷത്തോടെ ആറാമത്തെ തവണ ചരിത്രവിജയം കൈവരിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഈ വിജയത്തിന് പിന്നാലെ വിജയിച്ചുവന്ന എം.എൽ.എ മാർ പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് കേരളാ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി അഡ്വ. മോൻസ് ജോസഫ് എം.എ.എ യെ തെരഞ്ഞെടുക്കുകയുണ്ടായി. തുടർന്ന് അധികാരത്തിൽ വന്ന പുതിയ മന്ത്രിസഭയിൽ അദ്ദേഹം കേരളത്തിന്റെ സുപ്രധാനമായ ജലവിഭവ-ഭവനനിർമ്മാണ വകുപ്പ് മന്ത്രിയായി (Minister for Water Resources and Housing) ചുമതലയേറ്റു. കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിന്റെ എം.എൽ.എ എന്ന നിലയിൽ മണ്ഡലത്തിൽ ഉൾപ്പെടുന്ന 11 പഞ്ചായത്തുകളുടെയും സമഗ്രവികസനത്തിനു വേണ്ടി നിരവധി കർമ്മ പരിപാടികളാണ് അദ്ദേഹം നാളിതുവരെ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുള്ളത്. പ്രധാനപ്പെട്ട സ്ഥാപനങ്ങളും നിരവധിയായ സർക്കാർ ഓഫീസുകളും ശ്രദ്ധേയമായ വികസന പദ്ധതികളും യാഥാർത്ഥ്യമാക്കിക്കൊണ്ട് മണ്ഡലത്തിലെ ഏതൊരാവശ്യങ്ങൾക്കും വിളിപ്പാടകലെ ഓടിയെത്തുകയും മണ്ഡലമൊട്ടാകെ സജീവ സന്നിദ്ധ്യമായി മുഴുവൻ സമയവും ജനങ്ങളോടൊപ്പം നിലകൊള്ളുകയും ചെയ്യുന്ന മാതൃക്കാ ജനപ്രതിനിധിയായി പ്രവർത്തിക്കാൻ കഴിഞ്ഞതിലൂടെ ജനങ്ങളുടെ അംഗീകാരം രാഷ്ട്രീയത്തിനും ജാതിമതചിന്തകൾക്കും അതീതമായി ലഭിക്കുവാൻ ഇടയായിട്ടുണ്ട്. നിയമസഭാ പ്രവർത്തന മികവിന് നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.